സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചോദ്യം ചെയ്യുന്ന ജീവനക്കാർ പ്രതികാര നടപടി നേരിടേണ്ടി വരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് മുപ്പത്തിയെട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുഭരണത്തിന് കീഴിൽ ഹിന്ദുക്കളായ തൊഴിലാളികൾ രാഷ്ട്രീയമോ മതവിശ്വാസമോ പുറത്തുപറയാൻ ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കയ്യിൽ ചരടോ നെറ്റിയിൽ കുറിയോ ഉള്ളവരോട് സർക്കാർ പ്രതികാര മനോഭാവം സ്വീകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ജീവനക്കാരും പെൻഷൻകാരും സമാനതകളില്ലാത്ത വഞ്ചന നേരിടുന്നുവെന്ന് മുരളീധരൻ പറഞ്ഞു. തൊഴിലാളി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്ന എംപ്ലോയീസ് സംഘ് ജീവനക്കാരുൾപ്പെടെയുള്ളവരെ വിദൂര സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റുന്നതായും അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്കൊപ്പം നിൽക്കേണ്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ ദാസ്യപ്പണിയെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. നിയന്ത്രണമല്ല, നിർബാധം ഭക്തർക്ക് ദർശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികളുടെ കാണിക്ക വരുമാനമായി നേടുന്ന സർക്കാരിന് ഭക്തർക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അനവധി തീർത്ഥാടകരെത്തുന്ന തിരുപ്പതിപോലെയുള്ള ക്ഷേത്രങ്ങളിൽ പോലും ഇത്ര നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തെ തകർക്കാൻ കമ്യൂണിസ്റ്റ് സർക്കാർ തുനിഞ്ഞിറങ്ങരുതെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
Story Highlights: V Muraleedharan criticizes Kerala government’s anti-people policies and treatment of employees