ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ ഈ തീരുമാനം വിശദീകരിച്ചു. സ്പോട്ട് ബുക്കിങ് ആധികാരിക രേഖയല്ലെന്നും, അത് അനുവദിച്ചാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മുൻനിർത്തിയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം നിർബന്ധമാക്കിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്യാതെ കൂടുതൽ ഭക്തർ എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടാണ് ഈ തീരുമാനമെടുത്തത്. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുള്ള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായും ബോർഡ് അറിയിച്ചു. ഏപ്രിൽ മാസം മുതൽ ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്തെ ദർശന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണിവരെയുമാണ് പുതുക്കിയ ദർശന സമയം. ആകെ 17 മണിക്കൂറാണ് ദർശന സമയം. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിനെതിരെ നേരത്തെ പ്രതിപക്ഷവും സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കട്ടെ എന്നാണ് ബോർഡിന്റെ നിലപാട്.
Story Highlights: Travancore Devaswom Board decides virtual queue is sufficient for Sabarimala pilgrimage