ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഇറാനെതിരെ കനത്ത തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇസ്രയേൽ. ഇന്ന് നടക്കുന്ന വാർ കാബിനിറ്റിൽ നിർണ്ണായക തീരുമാനമുണ്ടായേക്കും. തിരിച്ചടി ശക്തവും കൃത്യവുമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗ്യാലന്റ് പറഞ്ഞു. അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ എണ്ണപാടങ്ങൾ ആക്രമിക്കുന്നതിനെതിരെ അറബ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അതേസമയം, തെക്കൻ ലെബനനിലെ യുഎൻ സമാധാന സേനാ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തി. മൂന്ന് പ്രധാന യുഎൻ കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. യുഎൻ സമാധാന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വാച്ച് ടവർ ഇസ്രയേൽ സേന നശിപ്പിച്ചെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെയാണ് സൈന്യം യുഎൻ കേന്ദ്രങ്ങളേയും ആക്രമിച്ചത്. ആക്രമണങ്ങളിൽ രണ്ടുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. യുഎൻ സമാധാന സേനാംഗങ്ങളുടെ വാഹനങ്ങളും അവർ താമസിക്കുന്ന സ്ഥലത്തെ പ്രവേശന കവാടവും അവർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളും ഇസ്രയേൽ സൈന്യം നശിപ്പിച്ചതായും ആരോപണമുണ്ട്.
Story Highlights: Israel intensifies attacks in Beirut, Lebanon, killing 22 people and targeting UN peacekeeping centers.