ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കല് പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വര്ണവും ഉള്പ്പടെ സ്വന്തമാക്കിയ നദാല് ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.
വിരമിക്കല്‍ അറിയിച്ചുകൊണ്ട് റഫേല് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രൊഫഷണല് ടെന്നിസില് നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വീഡിയോയില് വ്യക്തമാക്കുന്നു. വിരമിക്കാനുള്ള തീരുമാനം കടുപ്പമുള്ളതാണെന്നും എന്നാല് ജീവിതത്തില് എല്ലാ തുടക്കങ്ങള്ക്കും ഒരു അവസാനം ഉണ്ടെല്ലോ എന്നും അദ്ദേഹം പറഞ്ഞു.
22 ഗ്രാന്ഡ് സ്ലാം ഉള്പ്പടെ 92 ATP സിംഗിള്സ് കിരീടങ്ങള്, ഒളിമ്പിക്സില് സിംഗിള്സ്, ഡബിള്സ് വിഭാഗങ്ങളില് സ്വര്ണം, 209 ആഴ്ചകളില് ഒന്നാം സ്ഥാനം എന്നിവ നേടിയ റഫേല് നദാല് ടെന്നിസ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്. ക്ലേ കോര്ട്ടിലായിരുന്നു നദാലിന്റെ ഇന്ദ്രജാലങ്ങളില് ഏറെയും. 14 ഫ്രഞ്ച് ഓപ്പണ് കിരീടങ്ങളെന്ന നദാലിന്റെ റെക്കോര്ഡിന് അടുത്തൊന്നും ഇളക്കംതട്ടാനിടയില്ല. കരിയറില്‍ ഉടനീളം വേട്ടയാടിയിരുന്ന പരിക്ക് കഴിഞ്ഞ രണ്ട് കൊല്ലമായാണ് നദാലിനെ കൂടുതല് പ്രഹരിച്ചത്. പാരിസ് ഒളിമ്പിക്സിലാണ് അവസാനമായി കോര്ട്ടിലെത്തിയത്. പരിക്ക് വീണ്ടും വലച്ചതോടെയാണ് അനിവാര്യമായ വിരമിക്കല് തീരുമാനത്തിലേക്ക് നദാല് എത്തിയത്.
Story Highlights: Tennis legend Rafael Nadal announces retirement after upcoming Davis Cup