മുംബൈയിലെ വോര്ളി ഇലക്ട്രിക് ശ്മശാനത്തില് വ്യവസായ രംഗത്തെ അതികായന് രത്തന് ടാറ്റയുടെ അന്ത്യകര്മങ്ങള് നടന്നു. അതിസമ്പന്ന പാഴ്സി കുടുംബത്തില് ജനിച്ചിട്ടും ജനങ്ങള്ക്കൊപ്പം ചേര്ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്പ്പിക്കാന് ആയിരങ്ങളാണ് എത്തിയത്. എന്നാല് പരമ്പരാഗത പാഴ്സി ആചാരപ്രകാരമല്ല അദ്ദേഹത്തെ സംസ്കരിച്ചത്. ടാറ്റയുടെ വിയോഗം പാഴ്സി സമൂഹത്തിന്റെ ആചാരങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്ഷിക്കുകയാണ്.
ഇറാനില് നിന്ന് ഇന്ത്യന് ഉപഭൂഗണ്ഡത്തിലേക്ക് കുടിയേറിയ പാഴ്സികള് തങ്ങളുടേതായ സംസ്കാരവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നവരാണ്. ശവ സംസ്കാരത്തിലും അവര്ക്ക് വ്യത്യസ്തമായ രീതിയുണ്ട്. അഗ്നിയും ഭൂമിയും പരിശുദ്ധമായി കരുതുന്നതിനാല് ശവശരീരം ദഹിപ്പിക്കുകയോ മണ്ണിലേക്കര്പ്പിക്കുകയോ ചെയ്യാറില്ല. പകരം, ദഖ്മ എന്നറിയപ്പെടുന്ന വമ്പന് കോട്ടയില് കഴുകന്മാര്ക്ക് ഭക്ഷിക്കാന് നല്കുന്ന ദഖ്മ നാശിനി എന്ന ആചാരമായിരുന്നു മുന്പ് പിന്തുടര്ന്നിരുന്നത്.
ടവര് ഓഫ് സൈലന്റ്സ് എന്നറിയപ്പെടുന്ന ഈ രീതിയില്, കൂറ്റന് കോട്ടകള്ക്കു മുകളില് സൂര്യരശ്മികള് ഏല്ക്കുന്ന വിധത്തില് ശവശരീരങ്ങള് വെക്കും. പിന്നീട് കഴുകന്മാരും മറ്റു പക്ഷികളും വന്ന് ശരീരം ഭക്ഷിക്കും. പ്രകൃതിയിലേക്ക് മടങ്ങാനുള്ള മാര്ഗമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല് നഗരവത്കരണം മൂലം കഴുകന്മാരുടെ എണ്ണം കുറഞ്ഞതോടെ ഈ രീതിയിലുള്ള സംസ്കാരം ഒഴിവാക്കപ്പെട്ടു. രത്തന് ടാറ്റയുടെ സംസ്കാരവും ഈ പരമ്പരാഗത രീതിയില് നിന്നും വ്യത്യസ്തമായിരുന്നു.
Story Highlights: Ratan Tata’s funeral deviates from traditional Parsi customs, highlighting changing practices in the community.