ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഒക്ടോബർ 25-ന് നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ബോഡി യോഗത്തിൽ ഈ പ്രമേയം പരിഗണിക്കും. ഭരണഘടനാ ലംഘനങ്ങളും ഇന്ത്യൻ കായികരംഗത്ത് ഹാനികരമായേക്കാവുന്ന നടപടികളും കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം ഉന്നയിച്ചിരിക്കുന്നത്. റിലയൻസിന് ‘അനാവശ്യമായ ആനുകൂല്യങ്ങൾ’ നൽകിയെന്ന CAG റിപ്പോർട്ടും ചർച്ചയ്ക്ക് വരും.
പിടി ഉഷ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയായി വന്നിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഈ കാലയളവിൽ, നിരവധി തവണ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളുമായി ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ച് നേരത്തെ നിരവധി എക്സിക്യുട്ടീവ് അംഗങ്ങൾക്ക് പിടി ഉഷ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഉഷയ്ക്കെതിരായ ആരോപണങ്ങൾ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും ഉന്നയിച്ചിരുന്നു.
ഒളിമ്പിക്സ് അസോസിയേഷന്റെ അധികാര അവലോകനവും, പിടി ഉഷയുടെ കാലത്ത് നടപ്പാക്കിയ സ്പോൺസർഷിപ്പ് കരാറുകൾ പരിശോധിക്കുന്നതും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൗസ് നിർമാണത്തിൽ റിലയൻസിന് വിട്ടുവീഴ്ചകൾ ചെയ്തുവെന്നും ഇതിലൂടെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസർഷിപ്പ് കരാറുകൾ അവലോകനം ചെയ്യാനുള്ള തീരുമാനം.
Story Highlights: Indian Olympic Association to discuss no-confidence motion against PT Usha in upcoming meeting