മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ പുതിയ കാൽവെയ്പ്പുമായി എത്തുന്നു. ജിയോ മാർട്ട് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി നവി മുംബൈയിലും ബെംഗളൂരുവിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ അതിവേഗ സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തെ 3000 റിലയൻസ് റീടെയ്ൽ സ്റ്റോറുകൾ വഴി തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ നേരിട്ട് വീടുകളിൽ എത്തിക്കാനാണ് പദ്ധതി.
ഓർഡറുകൾ 15 മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് കമ്പനി ഉറ്റുനോക്കുന്നത്. ഈ സാമ്പത്തിക പാദത്തിൽ തന്നെ രാജ്യത്തെമ്പാടും ഇത്തരം കേന്ദ്രങ്ങൾ വ്യാപകമാക്കാനാണ് പദ്ധതി. മറ്റ് ക്വിക് കൊമേഴ്സ് സ്ഥാപനങ്ങൾ ഇതര സ്റ്റോറുകളെയും വെയർഹൗസുകളെയും ആശ്രയിക്കുമ്പോൾ സ്വന്തം റീടെയ്ൽ ശൃംഖലയുണ്ടെന്നത് റിലയൻസിന് നേട്ടമാണ്. തുടക്കത്തിൽ ഡെലിവറി ഫീസും പ്ലാറ്റ്ഫോം ഫീസും ഈടാക്കാതെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് തീരുമാനം.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ് തുടങ്ങിയ കമ്പനികൾക്ക് റിലയൻസിന്റെ ഈ നീക്കം വൻ തിരിച്ചടിയാകും. ജിയോ മാർട്ട് സേവനങ്ങൾ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കുക വഴി രാജ്യത്തെ റീടെയ്ൽ വ്യാപാര മേഖലയിൽ സ്വാധീനം ശക്തമാക്കാനും റിലയൻസിന് സാധിക്കും. മറ്റ് കമ്പനികൾക്ക് ഇതുവരെ എത്തിച്ചേരാൻ സാധിക്കാത്ത ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് അടക്കം റിലയൻസ് എത്തും. ഇതിനായി രാജ്യത്തെ 1,150 നഗരങ്ങളെ റിലയൻസ് തെരഞ്ഞെടുത്തിട്ടുണ്ട്.
Story Highlights: Reliance Retail enters quick commerce sector with JioMart, aiming for 15-minute deliveries across India