ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തില് വ്യാപക ക്രമക്കേടുണ്ടായതായി കോണ്ഗ്രസ് ആരോപിച്ചു. ഇരുപതോളം മണ്ഡലങ്ങളില് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില് കൃത്രിമത്വം നടന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില് കോടതിയെ സമീപിക്കാനാണ് കോണ്ഗ്രസ് നീക്കം. വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാര്ജ് കാണിച്ചു എന്ന പരാതിയാണ് കോണ്ഗ്രസ് ഉന്നയിച്ചത്. നിരവധി സീറ്റുകളില് ഇത്രയും ചാര്ജ്ജ് കാണിച്ച മെഷീനുകളില് വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിന്റെ നേതൃത്വത്തില് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്ഗ്രസ് നേതാക്കള് ആരോപിച്ചു.
കോണ്ഗ്രസ് നിലപാടിനോട് ‘ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികള് വിയോജിപ്പ് പ്രകടിപ്പിച്ചു. തോല്വിക്ക് കോണ്ഗ്രസിന്റെ ധാര്ഷ്ട്യം കാരണമായെന്ന് അവര് വിമര്ശിച്ചു. കോണ്ഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് തോല്വിക്ക് കാരണമെന്ന് ശിവസേന പരസ്യമായി പ്രതികരിച്ചു. ഡല്ഹിയില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്ട്ടി ആവര്ത്തിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തില് മേധാവിത്വം ഉറപ്പിക്കാന് കോണ്ഗ്രസ് നടത്തിയ നീക്കങ്ങളിലുള്ള അതൃപ്തി കൂടിയാണ് ഹരിയാനയിലെ വീഴ്ചയ്ക്കു ശേഷം പുറത്തേക്കു വരുന്നത്.
‘ഹരിയാന ഫലം സ്വീകാര്യമല്ല’ എന്ന മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് കമ്മിഷന് വിമര്ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തില് കേട്ടുകേള്വിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മീഷന് പ്രതികരിച്ചത്. ജനങ്ങളുടെ ഇച്ഛയെ ജനാധിപത്യവിരുദ്ധമായി നിരാകരിക്കുന്നതാണ് ജയ്റാം രമേശിന്റെയും പവന് ഖേരയുടേയും പ്രസ്താവനകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഇരുവര്ക്കും അയച്ച കത്തില് വ്യക്തമാക്കി. തോല്വിക്ക് കോണ്ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില് പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.
Story Highlights: Congress alleges EVM tampering in Haryana elections, opposition parties criticize Congress’ stance