മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ നിന്ന് പിറന്ന മികച്ച ചിത്രങ്ങളിലൊന്നാണ് ‘ടി.പി ബാലഗോപാലൻ എം എ’. ഈ സിനിമയിലൂടെയാണ് മോഹൻലാൽ ആദ്യ സംസ്ഥാന അവാർഡ് നേടിയത്. നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്ന് പിറന്നിട്ടുണ്ട്. മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കൂട്ടുകെട്ട്.
‘ടി.പി ബാലഗോപാലൻ എം എ’ എന്ന സിനിമയിലെ ഒരു ഇമോഷണൽ സീനിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ കഥാപാത്രം സഹോദരിയോട് സംസാരിക്കുന്ന രംഗം കണ്ട് താൻ കരഞ്ഞുപോയെന്നും അത് കട്ട് പറയാൻ പറ്റിയില്ലെന്നും സത്യൻ അന്തിക്കാട് തുറന്നു പറഞ്ഞു. മാറി നിന്ന തന്നോട് മോഹൻലാൽ വന്ന് കരഞ്ഞോയെന്ന് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
“ഞങ്ങൾ എഴുതിവെച്ച സീൻ മോഹൻലാൽ അഭിനയിക്കുന്നത് കണ്ട് എനിക്കത് കട്ട് പറയാൻ പറ്റാതെ വന്നിട്ടുണ്ട്. ലാലിന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. അവസാനം ഞാൻ വിപിൻ മോഹന്റെ തോളത്ത് കൈവെച്ച് മാറി നിൽക്കുകയായിരുന്നു. മാറിനിന്ന എന്റെയടുത്തേക്ക് മോഹൻലാൽ വന്നു. എന്റെ കണ്ണ് കണ്ട് ലാൽ ചോദിച്ചു, കരഞ്ഞോയെന്ന്. ഞാൻ പറഞ്ഞു, അതെ കരഞ്ഞുവെന്ന്. കാരണം പറയുമ്പോൾ വളരെ സിമ്പിൾ സാധനമാണ്. പക്ഷെ അത് ലാൽ അവതരിപ്പിക്കുന്നത് കണ്ടാൽ കരഞ്ഞുപോവും,” എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Story Highlights: Sathyan Anthikad reveals emotional moment during filming of ‘T.P. Balagopalan M.A.’ with Mohanlal