എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില് കുടിവെള്ള വിതരണം വ്യാപകമായി തടസ്സപ്പെട്ടു. കൊച്ചി കോര്പ്പറേഷന്, ആലുവ, കളമശ്ശേരി, ഏലൂര്, തൃക്കാക്കര നഗരസഭകള്ക്ക് പുറമേ എളങ്കുന്നപ്പുഴ, ഞാറക്കല്, എടത്തല, കീഴ്മാട്, ചൂര്ണിക്കര, ചേരാനല്ലൂര് പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമല്ല. വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്ന്ന് ജലശുദ്ധീകരണശാലയില് നിന്നുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്.
ഇന്നലെ രാത്രി മുതല് തകരാര് പരിഹരിക്കാന് ശ്രമം നടന്നെങ്കിലും ഇന്നും പ്രശ്നങ്ങള്ക്ക് പൂര്ണ പരിഹാരമായിട്ടില്ല. വൈദ്യുതിബന്ധം പൂര്ണമായും പുനസ്ഥാപിക്കാന് സാധിക്കാത്തതിനാല് പകരം സംവിധാനത്തിലൂടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കെ ഡബ്ലിയു എ ഓള്ഡ് ക്വാര്ട്ടേഴ്സിനും ആലുവ പോലീസ് സ്റ്റേഷനും ഇടയിലാണ് വൈദ്യുതി കേബിളിന് തകരാര് സംഭവിച്ചത്.
ആലുവ സെന്റ് മേരിസ് ഹൈസ്കൂളിന് മുന്നിലെ കെഎസ്ഇബി അണ്ടര് ഗ്രൗണ്ട് കേബിളിലെ തകരാര് പരിഹരിക്കുന്നതായും ഉടന് തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും അധികൃതര് അറിയിച്ചു. ഇന്നലെ രാത്രി മുതല് താല്ക്കാലികമായി സജ്ജീകരിച്ച വൈദ്യുതിയില് ചെറിയ മോട്ടറുകള് പ്രവര്ത്തിപ്പിച്ച് പമ്പിങ് തുടരുന്നുണ്ട്. ഉച്ചയോടെ വിശാല കൊച്ചി പ്രദേശങ്ങളിലേക്ക് കൂടുതല് അളവില് വെള്ളം എത്തുമെന്നാണ് പ്രതീക്ഷ.
Story Highlights: Power failure disrupts water supply in various parts of Ernakulam district, affecting multiple municipalities and panchayats.