പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടിക തയ്യാറായി. പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനും പരിഗണനയിലുണ്ട്. ചേലക്കരയിൽ ടി എൻ സരസുവും കെ ബാലകൃഷ്ണനും പട്ടികയിൽ ഇടം നേടി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വമായിരിക്കും.
ശക്തരായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് വലിയ വോട്ട് ശതമാനം നേടിയ ടി എൻ സരസുവിനെ ചേലക്കരയിൽ പരിഗണിക്കാൻ മുൻ നിരയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള നിയമസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ പ്രസ്താവിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്. രണ്ടു മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ പട്ടികയിൽ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരുണ്ട്. സിപിഐഎമ്മിൽ വി വസീഫും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് എല്ലാ പാർട്ടികളും ശ്രമിക്കുന്നത്.
Story Highlights: BJP finalizes potential candidate list for Palakkad and Chelakkara by-elections, aiming for strong contenders