കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർഫോർ ഹയർ എഡ്യുക്കേഷനിൽ (നിഷ്) മലയാള സിനിമയുടെ പ്രിയങ്കരിയായ നടി സുകുമാരിയുടെ സ്മരണയ്ക്കായി ആദ്യത്തെ മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ തുറക്കുന്നു. സുകുമാരിയുമായുള്ള ഹൃദയബന്ധത്തിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് നടൻ മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ മൾട്ടിമീഡിയ ലാബുകൾ, ഡബ്ബിംഗ് തീയേറ്ററുകൾ, മൾട്ടി പ്ലക്സ് തിയേറ്റർ തുടങ്ങിയവ ഉൾപ്പെട്ട ഈ വിദ്യാഭ്യാസസ്ഥാപനം സുകുമാരിയുടെ പേരിൽ അറിയപ്പെടും. ഇതോടൊപ്പം പത്മശ്രീ സുകുമാരി മ്യൂസിയവും സജ്ജമാകും.
സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇനി ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെക്കൻ തിരുവിതാംകൂർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിൽപെട്ട സുകുമാരിയുടെ വേരുകൾ കന്യാകുമാരിക്കടുത്തുള്ള നാഗർകോവിലിലാണ്. നിഷിന്റെ മാതൃസ്ഥാപനമായ നിംസ് ആശുപത്രിയെ സ്വന്തം വീടുപോലെ കണ്ട സുകുമാരിയുമായി നിഷിന് അറ്റുപോകാത്ത ആത്മബന്ധമാണുള്ളത്. സ്കൂളിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നിർവഹിച്ച മമ്മൂട്ടിയും ഈ ബന്ധത്തിന്റെ തുടക്കത്തിൽ നിർണായക പങ്കുവഹിച്ചു.
മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാർട്ടു-ടു-ഹാർട്ട് പദ്ധതിയിലൂടെയാണ് സുകുമാരിയും നിംസും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച സുകുമാരിക്ക് നിംസിൽ വച്ച് വിജയകരമായി ആൻജിയോപ്ലാസ്റ്റി നടത്തി. പിന്നീട് ഹൃദയത്തിന്റെ പ്രവർത്തനം മോശമായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. അതിന്ശേഷം കുറച്ചു നാൾ സുകുമാരി നിംസിൽ തന്നെയായിരുന്നു. തനിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നിംസിന്റെ മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്ന ആഗ്രഹം അവർ പങ്കുവച്ചത് ആ നാളുകളിലാണ്. ‘എന്റെ കുടുംബത്തിലെ മൂത്തമകൻ’ എന്ന് സുകുമാരി വിശേഷിപ്പിച്ച മമ്മൂട്ടിയുടെ കൈകളിലൂടെ അവരുടെ ഓർമകൾ തുടിക്കുന്ന വിദ്യാലയത്തിനും മ്യൂസിയത്തിനും ആദ്യശിലയിടുമ്പോൾ അതിലെവിടെയോ ഇന്നും മിടിക്കുന്ന ഒരു മാതൃഹൃദയവുമുണ്ട്.
Story Highlights: Mammootty lays foundation stone for Sukumari Memorial Film School and Museum in Kanyakumari