ഹരിയാനയിൽ ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി പ്രസ്താവിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ, കഴിഞ്ഞ 10 വർഷങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്ന് സൈനി പറഞ്ഞു. മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടർന്നിട്ടുണ്ടെന്നും ഇത് ഹരിയാനയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പിക്കുമെന്നാണ് സൈനിയുടെ വിശ്വാസം.
എന്നാൽ, എക്സിറ്റ് പോളുകൾ കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവമാണ്. ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന. കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.
Story Highlights: Haryana Chief Minister Nayab Singh Saini claims BJP will form government for third time