മലപ്പുറം മുൻ എസ്പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരാതിക്കാരിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് എടുക്കാൻ ആവില്ലെന്നുമാണ് പോലീസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കം പരിശോധിച്ചിട്ടും ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുത്താൽ പോലീസിന്റെ മനോവീര്യം തകർക്കുന്ന നിലപാട് ആകുമെന്നും പരാതി തള്ളണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പി സുജിത്ത് ദാസ് അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുക്കാതെയായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, തന്റെ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടമ്മ ആരോപിക്കുന്നു.
Story Highlights: Government tells High Court rape complaint against former Malappuram SP Sujit Das is fake