181 വർഷത്തെ പാരമ്പര്യം അവസാനിപ്പിച്ച് സിംഗപ്പൂർ; കുതിരയോട്ട ക്ലബ്ബ് അടച്ചുപൂട്ടി

Anjana

Singapore horse racing closure

സിംഗപ്പൂരിലെ 181 വർഷം പഴക്കമുള്ള കുതിരയോട്ട പാരമ്പര്യത്തിന് വിരാമമായി. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് വീടുകൾ നിർമ്മിക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്‌സായ ടര്‍ഫ് ക്ലബ്ബ് അടച്ചുപൂട്ടി. ശനിയാഴ്ച നടന്ന ഗ്രാൻഡ് സിംഗപ്പൂർ ഗോൾഡ് എന്ന അവസാന മത്സരത്തിനു ശേഷം ഈ ഭൂമി സർക്കാരിന് കൈമാറി. ഏകദേശം മുന്നൂറ് ഏക്കറോളം വരുന്ന ഈ സ്ഥലത്ത് 700-ഓളം പന്തയക്കുതിരകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1842-ൽ ഒരു സ്‌കോട്ടിഷ് വ്യാപാരിയും കുതിരപ്പന്തയ പ്രേമികളും ചേർന്നാണ് ക്ലബ്ബ് സ്ഥാപിച്ചത്. 2000-ത്തിലാണ് പഴയ ബുക്കിറ്റ് ടിമാ ട്രാക്കിന് പകരം ക്രീഞ്ചിയിലെ ഇപ്പോഴത്തെ റേസ് കോഴ്‌സ് തുറന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിംഗപ്പൂരിൽ കുതിരയോട്ടം തകർച്ചയുടെ പാതയിലായിരുന്നു. 2010-ൽ റേസ്-ഡേ ശരാശരി 11,000 ആയിരുന്നത് 2019-ൽ ഏകദേശം 6,000 ആയി കുറഞ്ഞു. കോവിഡ് മഹാമാരി കാണികളുടെ എണ്ണം പകുതിയിലധികം കുറയ്ക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വർഷം രാജ്യത്തിലെ ജനസംഖ്യ ആറ് ദശലക്ഷം കടന്നതോടെ, വർധിച്ചുവരുന്ന ജനസംഖ്യയിലുണ്ടായ ആശങ്കയാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാരിനെ നയിച്ചത്. മറ്റ് കായിക വിനോദങ്ങളിലേക്ക് ചെറുപ്പക്കാരുടെ താൽപ്പര്യം മാറിയതും കാണികളുടെ കുറവിന് കാരണമായി. ഈ സാഹചര്യത്തിൽ, കഴിഞ്ഞവർഷം തന്നെ സർക്കാർ കുതിരയോട്ടം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു.

Story Highlights: Singapore ends 181-year-old horse racing tradition to address housing needs

Leave a Comment