കെ ടി ജലീലിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ഒരു സമുദായത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതാണ് ജലീലിന്റെ പരാമർശമെന്നും വർഷങ്ളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.
സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും ഉണ്ടെന്ന ആരോപണവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തിയിരുന്നു. ഹജ്ജ് കഴിഞ്ഞു മടങ്ങുംവഴി സ്വർണം കടത്തിയെന്നും ഇവർ ലീഗ് വേദികളിൽ പ്രസംഗിക്കുന്നുവെന്നും ജലീൽ ആരോപിച്ചു. ആരോപണം തെറ്റെങ്കിൽ തെളിയിക്കാൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾ ഇതിനെതിരെ മതവിധി പുറപ്പെടുവിക്കാൻ തയ്യാറാകണമെന്നും മതവിധി പുറപ്പെടുവിക്കാൻ കഴിയില്ലെങ്കിൽ സാദിഖ് അലി തങ്ങൾ സ്ഥാനമൊഴിയണമെന്നും ജലീൽ ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് കേസിൽ തന്നെ വേട്ടയാടിയെന്നും അന്നൊന്നും മലപ്പുറം സ്നേഹം കണ്ടില്ലെന്നും ജലീൽ കുറ്റപ്പെടുത്തി. മുസ്ലിങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടക്കുന്നുവെന്നും പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നുവെന്നും അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണെന്നും അതാണ് താൻ ചൂണ്ടി കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights: PK Firos demands KT Jaleel to apologize for controversial statement about gold smuggling and Muslim community