അർജുന്റെ കുടുംബവുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി മനാഫ് വെളിപ്പെടുത്തി. 24 ന്റെ സഹായത്തോടെയാണ് ഈ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജിതിനുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ പരിഹരിച്ചതായും, ചേർത്തുനിർത്തി കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും മനാഫ് വ്യക്തമാക്കി.
ചിലർ തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചെന്നും, എന്നാൽ താൻ മതസൗഹാർദത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മനാഫ് പറഞ്ഞു. ഷിരൂരിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തെ സന്ദർശിക്കാൻ മനാഫ് അവരുടെ വീട്ടിലെത്തി. 24 ന്റെ എൻകൗണ്ടർ പ്രൈം ചർച്ചയിൽ ഹാഷ്മി താജ് ഇബ്രാഹിം നിർദേശിച്ചതിന് പിന്നാലെയായിരുന്നു ഈ സന്ദർശനം.
സന്ധ്യയോടെയാണ് മനാഫ് സഹോദരൻ മുബീനും മറ്റ് രണ്ട് കുടുംബാംഗങ്ങളുമൊത്ത് അർജുന്റെ വീട്ടിലെത്തിയത്. അർജുന്റെ രക്ഷിതാക്കൾ, സഹോദരി അഞ്ജു, സഹോദരിയുടെ ഭർത്താവ് ജിതിൻ എന്നിവരുമായി മനാഫ് സംസാരിച്ചു. ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് മനാഫ് മടങ്ങിയത്. നീരസങ്ങൾ അവസാനിച്ചെന്ന് മനാഫും അർജുന്റെ കുടുംബവും അറിയിച്ചു. ഇതോടെ, കുടുംബത്തിന്റെ കടുത്ത വേദനയിൽ നിന്ന് ആശ്വാസം ലഭിച്ചതായി കാണുന്നു.
Story Highlights: Manaf visits Arjun’s family, resolves issues with help of 24 News