സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ സെലിബ്രിറ്റികൾക്ക് അവ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സ്പാനിഷ് ഫുട്ബോൾ താരം അൽവാരോ മൊറാറ്റയ്ക്ക് ഇറ്റലിയിൽ നേരിടേണ്ടി വന്നത്. 2024 യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമംഗമായ മൊറാറ്റ കഴിഞ്ഞ ജൂലൈയിൽ എസി മിലാനിലേക്ക് ചേക്കേറിയിരുന്നു. കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാൻ മിലാന്റെ പ്രാന്തപ്രദേശമായ കോർബെറ്റ മുനിസിപ്പാലിറ്റിയിൽ വീട് കണ്ടെത്തി താമസം മാറാനിരിക്കെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
കോർബെറ്റയുടെ മേയർ മാർക്കോ ബല്ലാരിനി, മൊറാറ്റയുടെ വരവിൽ സന്തോഷം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. “ഇത് ഏപ്രിൽ ഒന്നല്ല, അതിനാൽ വിഡ്ഢി ദിനവുമല്ല. ചാമ്പ്യൻ അൽവാരോ മൊറാറ്റോ ഞങ്ങളുടെ പുതിയ കോർബെറ്റ നിവാസിയാണ്” എന്നായിരുന്നു മേയറുടെ പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് മൊറാറ്റയുടെ സ്വകാര്യതയെ ലംഘിച്ചതായി കണ്ട താരം ദേഷ്യത്തോടെ പ്രതികരിച്ചു.
തന്റെ അടുത്ത കൂട്ടുകാരോട് പോലും പുതിയ വീടിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും മേയറുടെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ സുരക്ഷയെ അപകടത്തിലാക്കിയെന്നും മൊറാറ്റ ആരോപിച്ചു. ഈ സംഭവത്തെ തുടർന്ന് മറ്റൊരു വീട് കണ്ടെത്തി അവിടേക്ക് മാറാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. മേയറുടെ പ്രവൃത്തിയിൽ പ്രതിഷേധിച്ച മൊറാറ്റ, കോർബെറ്റ മുനിസിപ്പാലിറ്റി തന്റെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ലെന്നും പറഞ്ഞു. എന്നാൽ മേയർ ക്ഷമാപണത്തിനു പകരം “സിയാവോ” (ഗുഡ്ബൈ) എന്നെഴുതി പ്രതികരിക്കുകയാണ് ചെയ്തത്. ഈ സംഭവം മലയാളത്തിലെ “വെളുക്കാൻ തേച്ചത് പാണ്ട് ആയി” എന്ന ചൊല്ലിനെ ഓർമിപ്പിക്കുന്നതാണ്.
Story Highlights: Spanish footballer Alvaro Morata forced to relocate due to privacy breach by Italian mayor on social media