ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം; പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശനം

Anjana

Sabarimala online booking

ശബരിമലയിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം അനുവദിക്കാനും ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കാനും തീരുമാനിച്ചു. വെർച്ച്വൽ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഇതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും.

കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിംഗ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: Sabarimala pilgrimage to allow only online booking with a daily limit of 80,000 devotees

Leave a Comment