ഇന്ത്യൻ എംബസ്സിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്സിനും, ലിമോസിൻ-ടാക്സി ഡ്രൈവർമാർക്കുമായി ഡ്രൈവിംഗ് സുരക്ഷ അവബോധ സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 29 ന് ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന സെമിനാറിൽ, ഡെലിവറി, ലിമോസിൻ, ടാക്സി മേഖലകളിൽ നിന്നായി ഏതാണ്ട് 180 ഓളം പേർ പങ്കെടുത്തു. ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാൾ മുഖ്യാതിഥിയായിരുന്നു. പ്രവാസി സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം പരിപാടികൾക്ക് പിന്തുണ നല്കുന്ന ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഡെലിവറി സമയം കൃത്യമായി പാലിക്കുവാൻ ഡെലിവറി ബോയ്സ് നേരിടുന്ന സമ്മർദ്ദം ഒരിക്കലും അപകടത്തിലേക്ക് നയിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ബോധവൽക്കരണ വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് ഹമദ് സലീം അൽ നഹാബ് സെമിനാറിൽ പങ്കെടുത്ത കമ്പനികളെ അഭിനന്ദിക്കുകയും, ഖത്തർ റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിൽ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ ഹുദവിയുമായി ചേർന്ന് സെമിനാറിന് അദ്ദേഹം നേതൃത്വം നൽകി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടന്ന സെമിനാറിന് ശേഷം, റോഡ് സുരക്ഷാ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.
Story Highlights: ICBF Qatar organized driving safety awareness seminar for delivery boys and taxi drivers