മോഹൻരാജിന് അന്ത്യാഞ്ജലി; സംസ്കാരം തിരുവനന്തപുരത്ത് നടന്നു

Anjana

Mohan Raj funeral

മലയാള സിനിമയിലെ പ്രമുഖ നടൻ മോഹൻരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടു വളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു. ഇളയ മകൾ കാവ്യയാണ് ചിതക്ക് തീ കൊളുത്തിയത്. ഉച്ചക്ക് കാഞ്ഞിരംകുളത്തു നടന്ന പൊതുദർശനത്തിലും ജനങ്ങൾ അന്ത്യാദരവ് അർപ്പിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 300-ഓളം സിനിമകളിൽ അഭിനയിച്ച മോഹൻരാജ്, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട നടനായിരുന്നു. സിബി മലയിലിന്റെ ‘കിരീടം’ സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ, മലയാളികൾ എന്നും ഓർമിക്കുന്നത് ഈ കഥാപാത്രത്തെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘കിരീട’ത്തിന് മുമ്പ് തമിഴിൽ വില്ലൻ വേഷങ്ങളിലും മലയാളത്തിൽ ‘മൂന്നാംമുറ’യിൽ കൊള്ളക്കാരനായും അഭിനയിച്ചിരുന്നു മോഹൻരാജ്. ‘ബൽറാം വേഴ്‌സസ് താരാദാസ്’, ‘ഏയ് ഓട്ടോ’, ‘പുറപ്പാട്’, ‘കാസർകോഡ് കാദർഭായി’, ‘ഹിറ്റ്‌ലർ’, ‘വാഴുന്നോർ’, ‘നരൻ’, ‘ഹൈവേ പൊലീസ്’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായി. 2022-ൽ പുറത്തിറങ്ങിയ ‘റോഷാക്’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ മോഹൻരാജ്, സൈന്യം, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഉഷയും മക്കൾ ജയ്ഷമയും കാവ്യയുമാണ് കുടുംബത്തിൽ.

Story Highlights: Actor Mohan Raj’s funeral held in Thiruvananthapuram, attended by thousands including film industry colleagues

Leave a Comment