കുച്ചിപ്പുഡി വേഷത്തിൽ ‘മനസിലായോ…’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പ്രാർഥന പ്രകാശാണ് ഈ വിഡിയോയിലെ താരം. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കെ പ്രകാശിന്റെ മകളാണ് പ്രാർഥന. ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രാർഥന 24നോട് പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡിയിൽ മത്സരിച്ചശേഷം, ഓഡിറ്റോറിയത്തിൽ ‘മനസിലായോ’ എന്ന ഗാനം മുഴങ്ങിയപ്പോൾ കുട്ടികൾ ഡാൻസ് ആരംഭിച്ചു. അവർക്കൊപ്പം പ്രാർഥനയും കുച്ചിപ്പുഡി വേഷത്തിൽ ആ ഇടിവെട്ട് ഡാൻസിന് ചുവട് വയ്ക്കുകയായിരുന്നു. ഇത് കണ്ട് നിന്ന അമ്മയും സഹോദരിയുമാണ് ഇത് ഫോണിൽ പകർത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് പോസ്റ്റിന് ലൈക്ക് ചെയ്തിരുന്നു.
പ്രാർഥന 9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന ഗാനവും ഡാൻസും ഇന്ന് സോഷ്യൽ മീഡിയകളിൽ വലിയ തരത്തിലുളള ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
Story Highlights: Prarthana Prakash’s Kuchipudi dance to ‘Manassilayo’ song goes viral on social media