എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊട്ട് കുത്തൽ ചടങ്ങിന് സൗജന്യ സംവിധാനമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പേട്ട തുള്ളലിന് ശേഷം കുളിച്ച് വരുന്ന അയ്യപ്പ ഭക്തർ ദേഹത്ത് കുങ്കുമവും ചന്ദനവും പൂശുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരമല്ല എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ആദ്യകാലത്ത് പ്രദേശവാസികൾ മാത്രമായിരുന്നു പൊട്ട് കുത്തി നൽകിയിരുന്നതെങ്കിൽ പിന്നീട് നൂറുകണക്കിന് ആളുകൾ ഈ ചടങ്ങിനായി എത്തി. ഇത് അയ്യപ്പ ഭക്തരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ചു. ഈ സാഹചര്യത്തിൽ, പൊലീസിന്റെ നിർദേശത്തെ തുടർന്നും ഭക്തരെ സംരക്ഷിക്കാനുമാണ് ദേവസ്വം ബോർഡ് പൊട്ട് കുത്തൽ ചടങ്ങ് ഏറ്റെടുത്തത്.
ക്ഷേത്ര പരിസരം സംഘർഷ ഭൂമിയാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം തിരിച്ചറിഞ്ഞ ദേവസ്വം ബോർഡ്, നടപ്പന്തലിൽ സൗജന്യമായി പൊട്ട് കുത്താനുള്ള സൗകര്യം ഒരുക്കും. ക്ഷേത്രപരിസരത്തോ ഉത്സവ മേഖലയിലോ മറ്റാരെയും പൊട്ട് കുത്തൽ നടത്താൻ അനുവദിക്കില്ലെന്നും, ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി.
Story Highlights: Travancore Devaswom Board to provide free ‘pottukuthal’ service for Ayyappa devotees at Erumeli temple