തെരുവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്ഷണം വാരികഴിക്കുന്ന കൊച്ചു പെൺകുട്ടിയെ കണ്ട് മനസ്സ് കുലുങ്ങിയ ടിബറ്റന് സന്യാസിയും ധര്മ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിള് ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്സാങ് ജാംയാങ്, ആ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ചരണ് ഖുദിലെ ഒരു ചേരിയിൽ എത്തിയ അദ്ദേഹം, കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരോട് സംസാരിച്ചു. ഒടുവിൽ അവരുടെ സമ്മതം ലഭിച്ചതോടെ, പിങ്കി ഹരിയന്റെ ജീവിതത്തിലെ വഴിത്തിരിവായി.
2004-ൽ ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ പ്രവേശനം നേടിയ നാലു വയസ്സുകാരി ഹരിയൻ, ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച നിർധന കുട്ടികൾക്കായുള്ള ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയായി. ആദ്യഘട്ടങ്ങളിൽ മാതാപിതാക്കളെ വിട്ടുനിൽക്കുന്ന വിഷമം അനുഭവിച്ചെങ്കിലും, ദാരിദ്ര്യത്തിൽ നിന്നും കരകയറാനുള്ള മാർഗമായി വിദ്യാഭ്യാസത്തെ കണ്ട് അവൾ അക്ഷീണം പരിശ്രമിച്ചു. സീനിയര് സെക്കന്ററി പൂർത്തിയാക്കിയ ശേഷം, മെഡിക്കല് ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി.
തുടർപഠനത്തിനുള്ള ഫീസ് എന്ന വെല്ലുവിളി നേരിട്ട ഹരിയന്, യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ 2018-ൽ ചൈനയിലെ പ്രശസ്ത മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. എംബിബിഎസ് പൂർത്തിയാക്കി തിരിച്ചെത്തിയ അവൾ, ഇപ്പോൾ ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. “20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഡോക്ടറായി ഇവിടെ എത്തിനിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ ഒരു പോരാട്ടമായിരുന്നു ഞാൻ നടത്തിയത്,” എന്ന് ഹരിയൻ പറഞ്ഞു. അവളുടെ സഹോദരങ്ങളും ഇപ്പോൾ അതേ സ്കൂളിൽ പഠിക്കുന്നു, അവരുടെ ജീവിതത്തിലും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നു.
Story Highlights: Tibetan monk’s intervention transforms life of child beggar Pinki Haryan into successful doctor