ഇന്ന് രാത്രി ഏഴരയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടി ട്വന്റി ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ വനിതാ ടീമിന്റെ യാത്ര ആരംഭിക്കും. ഹര്മ്മന്പ്രീത് കൗര് നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. പാകിസ്താന്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകള് കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്. ലോകകപ്പിന് മുന്നോടിയായി നടന്ന വനിത ഏഷ്യാകപ്പ് ഫൈനലില് ശ്രീലങ്കയോട് തോറ്റെങ്കിലും സന്നാഹമത്സരങ്ങളില് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്ഡീസ് എന്നീ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
സ്മൃതിയും ഷെഫാലി വര്മയും ചേര്ന്നാകും ഇന്ത്യന് ഇന്നിങ്സ് ഓപ്പണ്ചെയ്യുക. ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്, റിച്ചാ ഘോഷ് എന്നിവരുള്പ്പെട്ട മധ്യനിരയും ശക്തമാണ്. സ്പിന് ബൗളര്മാര്ക്ക് ഗുണംകിട്ടുമെന്നുകരുതുന്ന ദുബായിലെ പിച്ചില്, മലയാളി ലെഗ് സ്പിന്നര് ആശാ ശോഭന, ശ്രേയങ്കാ പാട്ടീല്, ഓള്റൗണ്ടര് ദീപ്തി ശര്മ, രാധാ യാദവ് എന്നിവരുള്പ്പെട്ട സ്പിന് നിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തില് നിന്നുള്ള ഓള്റൗണ്ടര് സജന സജീവന് ടീമിലിടം പിടിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനില് കളിക്കുമോ എന്നതാണ് ആരാധകര് ഉറ്റുനോക്കുന്നത്.
രേണുക സിങ്, പൂജ വസ്ത്രാകര്, അരുന്ധതി റെഡ്ഡി എന്നിവര് ഇന്ത്യയുടെ പേസ് വിഭാഗത്തെ നയിക്കും. അതേസമയം, ക്യാപ്റ്റന് സോഫി ഡിവൈന് നേതൃത്വം നല്കുന്ന ന്യൂസീലന്ഡിന്റെ ബാറ്റിങ് നിരയില് സൂസി ബേറ്റ്സ്, ജോര്ജിയ പ്ലിമ്മര് തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. ന്യൂസീലന്ഡ് കഴിഞ്ഞ പത്തുമത്സരങ്ങളും തോറ്റ നിരാശയിലാണ് വരുന്നത്. എന്നിരുന്നാലും, ശക്തരായ ടീമാണ് ന്യൂസിലാന്ഡ്. ഒത്തിണക്കത്തോടെ കളിച്ചാല് ഇന്ത്യക്ക് വിജയം കൈപ്പിടിയിലാക്കാനാകുമെന്നാണ് കളിയാരാധകരുടെ പ്രതീക്ഷ.
Story Highlights: India’s women’s cricket team begins T20 World Cup campaign against New Zealand in Dubai