ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെതിരെ ഇലക്ട്രൽ ബോണ്ട് വഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കേസെടുത്തിരിക്കുകയാണ്. ജനാധികാര സംഘർഷ സംഘടനയുടെ പ്രതിനിധി ആദർശ് അയ്യരാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അടക്കം പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
ഇക്കഴിഞ്ഞ മാർച്ച് 30നാണ് ഇലക്ടറൽ ബോണ്ടു വഴി 1692 കോടി രൂപയുടെ സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയതിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ആദർശ അയ്യർ കേസ് കൊടുത്തത്. ഇഡി അടക്കം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ഇലക്ട്രൽ ബോണ്ട് വഴി ബിജെപിയിലേക്ക് എത്തിച്ചു എന്നാണ് പരാതി. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഒന്നാം പ്രതിയായ കേസിൽ മുതിർന്ന ബിജെപി നേതാക്കളായ നളിൻകുമാർ കട്ടിൽ, ബി വൈ വിജയേന്ദ്ര എന്നിവരും പ്രതികളാണ്.
ആദർശ് അയ്യർ എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന ഒരാളല്ലെന്ന് അദ്ദേഹത്തിൻ്റെ മുൻകാല നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം തൻ്റെ ഉയർന്ന വരുമാനമുള്ള ജോലിയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. 2015 ൽ അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന സിദ്ധരാമയ്യ സർക്കാരിനെതിരെയായിരുന്നു ആദർശ് ലോകായുക്തയെ സമീപിച്ചത്. ജനതാദൾ നേതാക്കൾക്കെതിരെ ഭൂമി കൈയ്യേറ്റത്തിനെതിരെയും കൊവിഡ് കാലത്ത് സ്കൂൾ പരീക്ഷകൾ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു.
Story Highlights: Adarsh Iyer files complaint against Union Finance Minister Nirmala Sitharaman over alleged financial irregularities through electoral bonds