മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാരയെ കണ്ടെത്തി. ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ കണ്ടത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതാണ്.
നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ മലയാളി വിദ്യാർത്ഥികൾ ട്വൻ്റി ഫോറിനോട് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരാതിപ്പെട്ടാൽ സർവ്വകലാശാല പ്രതികാര നടപടി സ്വീകരിക്കുമെന്നും ആരോപിക്കുന്നു.
പ്രതിമാസം മെസ് ഫീസായി വിദ്യാർത്ഥികൾ 2700 രൂപ അടയ്ക്കാറുണ്ട്. ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാനും അധികൃതർ അനുവദിക്കാറില്ല. ഇതേ സർവ്വകലാശാലയിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത വിവേചനം നേരത്തെയും വാർത്തയായിരുന്നു.
Story Highlights: Lizard found in food served to hostel students at Indira Gandhi National Tribal University of Madhya Pradesh