യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി. ഇറാന്റെ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചില്ലെന്ന ആരോപണത്തിന്റെ പേരിലാണ് ഈ അസാധാരണ നടപടി. യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടറസ് സ്വീകരിച്ച ശക്തമായ നിലപാടാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിലെ കറയെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹത്തെ വിലക്കിയത്.
ഇറാന്റെ വിപ്ലവസേന ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലെ ലക്ഷ്യങ്ങളിലേക്ക് ഇരുന്നൂറോളം മിസൈലുകൾ തൊടുത്തെങ്കിലും ഇതുവരെ ഇസ്രയേൽ തിരിച്ചടിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളല്ല, മൊസാദ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. മറുപടി കരുതലോടെ മതിയെന്നാണ് ഇസ്രയേൽ ക്യാബിനറ്റിന്റെ തീരുമാനം. എണ്ണശുദ്ധീകരണശാലകളും ആണവനിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചിക്കുന്നത്.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം. ഗസയിലും ലെബനനിലും യുദ്ധമുന്നറിയിപ്പുകൾ നൽകാത്ത അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന്റെ കാര്യത്തിൽ മാത്രം പുലർത്തുന്ന ജാഗ്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Story Highlights: Israel bars UN Secretary-General Antonio Guterres from entering the country, accusing him of not condemning Iran’s attack