മലയാളികളുടെ ഹൃദയം കീഴടക്കിയ ‘വയലിനിസ്റ്റ് ബാലഭാസ്കര്’ എന്ന കലാകാരന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി. വയലിന് തന്ത്രികളില് ബാലഭാസ്കര് വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനില് തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.
പതിനേഴാമത്തെ വയസില് ‘മംഗല്ല്യപ്പല്ലക്ക്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത വേദികളിലും രാജ്യാന്തര തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനങ്ങളിലൂടെ ബാലഭാസ്കര് എന്നും മലയാളികള്ക്കൊരു വിസ്മയമായി മാറി. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കര് വേദിയിലെത്തിയപ്പോഴെല്ലാം മലയാളികള് അമ്പരപ്പോടെ ആ മാന്ത്രികസ്പര്ശം കേട്ടിരുന്നു.
2018 സെപ്റ്റംബര് 25ന് ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്പ്പെട്ടു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവര്ന്നെടുത്തു. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില് കേരളം കാത്തിരുന്നെങ്കിലും പ്രാര്ഥനകള് വിഫലമാക്കി ഒക്ടോബര് രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കര് വിടവാങ്ങുകയായിരുന്നു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്ക്ക് ഉള്ക്കൊള്ളാനായിട്ടില്ല. ബാലഭാസ്കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്ഷം തികഞ്ഞിരിക്കുകയാണ്.
Story Highlights: Remembering Balabhaskar: The violin maestro who captivated Malayali hearts with his magical music