നാളെ (ഒക്ടോബർ 1) ആചരിക്കുന്ന വയോജന ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ ഒരു അസാധാരണ കാഴ്ച സാക്ഷ്യം വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ ഉൾപ്പെട്ട വിവിധ നഗരസഭകളിൽ നിന്നുള്ള 31 വയോജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി 25 മിനിറ്റോളം നീണ്ടുനിന്നു.
അമ്മമാർ വിവിധ പാട്ടുകൾക്ക് നൃത്തം ചെയ്തത് കാണികൾക്ക് ആവേശം പകർന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾക്കിടയിലും സമൂഹത്തിന്റെ എല്ലാ സന്തോഷങ്ങളിലും തങ്ങളും അർഹരാണെന്ന സന്ദേശം പകരാനുള്ള അവസരമായി ഈ പരിപാടി മാറി. സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും വയോജനങ്ങളും ഉൾപ്പെട്ടതാണെന്ന് ഓർമിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ഫ്ലാഷ് മോബ് അവതരിപ്പിച്ച അമ്മമാരെ ലുലു റീജിനൽ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ആദരിച്ചു. പരിപാടിക്ക് ശേഷം സാമൂഹിക സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ വയോമിത്രം പദ്ധതിയെയും വയോജന ദിനത്തിന്റെ പ്രത്യേകതയെയും കുറിച്ച് സംസാരിച്ചു. കേരളത്തിലെ 6 കോർപ്പറേഷനുകളിലും 85 നഗരസഭകളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലും വയോജനങ്ങളുടെ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം ഉറപ്പുവരുത്തുന്ന ഈ സർക്കാർ പദ്ധതി നടപ്പിലാക്കി വരുന്നു.
Story Highlights: Elderly women perform flash mob at Lulu Mall Edappally to celebrate International Day of Older Persons