നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 129 പേർ മരണമടഞ്ഞു. 69 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കാഠ്മണ്ഡു താഴ്വരയിൽ നിന്ന് 34 പേരാണ് മരിച്ചത്. വെള്ളക്കെട്ടിൽ കുടുങ്ങിയ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സർക്കാർ അറിയിച്ചു. മൂന്ന് ദിവസത്തേക്ക് സ്കൂളുകൾ അടച്ചിട്ടുണ്ട്. സർവകലാശാലകൾക്കും സ്കൂൾ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
മോശം കാലാവസ്ഥ റോഡ്, വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. സായുധ പൊലീസ് സേനയുടെയും നേപ്പാൾ പൊലീസിന്റെയും കണക്കുകൾ പ്രകാരം 100-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡു താഴ്വരയിൽ കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് സ്ഥിരീകരിച്ചു. നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർ രാജ്യത്തുടനീളം രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ 322.2 മില്ലിമീറ്റർ (12.7 ഇഞ്ച്) വരെ മഴ പെയ്തുവെന്നാണ് കണക്ക്. ബാഗ്മതി നദി അപകടനില കടന്ന് 2.2 മീറ്റർ (7 അടി) ജലനിരപ്പ് ഉയർന്നു. രാജ്യത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഞായറാഴ്ച രാവിലെയോടെ മഴയുടെ തീവ്രത കുറയുന്നുണ്ട്. ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
Story Highlights: Heavy rainfall in Nepal causes floods and landslides, resulting in 129 deaths and 69 missing persons