കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ (54) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. ആഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പന് പിന്നീട് ഹൃദയാഘാതമുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വിലാപയാത്രയായി ജന്മദേശമായ കണ്ണൂർ ചൊക്ലിയിലേക്ക് കൊണ്ടുപോകും. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു പുഷ്പൻ.
1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് പുഷ്പൻ. അന്നത്തെ വെടിവെപ്പിൽ പുഷ്പന്റെ സുഷുമ്നനാഡിയാണ് തകർന്നത്. ഇരുപത്തിനാലാം വയസിൽ സംഭവിച്ച ഈ ദുരന്തം പുഷ്പന്റെ ജീവിതത്തെ മാറ്റിമറിച്ചു. കൂട്ടത്തിലുള്ള സഖാക്കൾ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായിട്ടും ധൈര്യപൂർവം നിറതോക്കുകൾക്കിടയിലേക്കിറങ്ങിയ പുഷ്പൻ ഒരു കാലഘട്ടത്തിന്റെ സമരാവേശമായിരുന്നു.
നോർത്ത് മേനപ്രം എൽപി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പൻ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വീട്ടിലെ പ്രാരാബ്ദം കാരണം പഠനം ഉപേക്ഷിച്ച് ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു. കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിലാണ് പുഷ്പൻ വെടിയേറ്റത്. സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുന്ന കാലമായിരുന്നു അത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി, തുടർന്ന് പ്രവർത്തകർ കല്ലേറ് തുടങ്ങി. ഇതോടെ വെടിവെപ്പുമുണ്ടായി. കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ എന്നിവർ വെടിയേറ്റു വീണു. തലയ്ക്ക് പിന്നിൽ വെടിയേറ്റ പുഷ്പൻ പിന്നീട് എഴുന്നേറ്റ് നടന്നില്ല. പാർട്ടിയുടെ തണലിലായിരുന്നു പിന്നീടുള്ള പുഷ്പന്റെ ജീവിതം.
Story Highlights: CPM activist Pushpan, paralyzed in Koothuparamba police firing, passes away at 54