കേരളത്തിലെ തൊഴിലില്ലായ്മ സ്ഥിതി ഗുരുതരമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്. ഈ സ്ഥിതി പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരാത്തതിനാൽ യുവാക്കൾ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്. യോഗ്യതയുള്ള യുവാക്കൾക്കുള്ള സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോൾഡേഴ്സ് പട്ടിക തന്നെ ഇതിന് ഉദാഹരണമാണ്.
കഴിഞ്ഞ എട്ട് വർഷമായി അധികാരത്തിൽ തുടരുന്ന പിണറായി വിജയൻ സർക്കാർ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: Rajeev Chandrasekhar criticizes Kerala’s high unemployment rate, blaming decades of Left-Congress rule