ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്നിര ശക്തികളിലൊന്നായ ചൈന, തങ്ങളുടെ കഴിവുകൾ ഓരോ ദിവസവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന് നടുവില് ഒരു കപ്പലില് സ്ഥാപിച്ച വിക്ഷേപണത്തറയില് നിന്ന് എട്ട് ഉപഗ്രഹങ്ങള് വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. ഷാന്ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില് നിന്നായിരുന്നു വിക്ഷേപണം നടത്തിയത്. ജൈലോങ്-3 (സ്മാര്ട് ഡ്രാഗണ്-3) എന്ന റോക്കറ്റാണ് വിക്ഷേപിച്ചത്, ഇത് ഈ റോക്കറ്റിന്റെ വിജയകരമായ രണ്ടാമത്തെ വിക്ഷേപണം കൂടിയായിരുന്നു.
ചൈനീസ് എയറോസ്പേസ് സയന്സ് ആന്റ് ടെക്നോളജി കോര്പറേഷന് (സി.എ.എസ്.സി.) ആണ് ഈ റോക്കറ്റ് വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തില് ഉപഗ്രഹങ്ങള് വിക്ഷേപിക്കുന്നതിനും സമുദ്രത്തില് നിന്നുള്ള വിക്ഷേപണങ്ങള്ക്കും വേണ്ടിയാണ് ഈ റോക്കറ്റ് രൂപകല്പന ചെയ്തത്. ട്യാൻയി 41, എക്സ്എസ്ഡി-15, എക്സ്എസ്ഡി-21, എക്സ്എസ്ഡി-22, യുക്സിങ്-2-05, ഫുഡാന്-1 ഇങ്ങനെ എട്ട് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണം, ആശയവിനിമയം, ശാസ്ത്രഗവേഷണം ഉള്പ്പടെയുള്ള ആവശ്യങ്ങള്ക്കുവേണ്ടി നിർമിച്ചതാണ് ഈ ഉപഗ്രഹങ്ങള്.
സമുദ്രത്തിലെ തന്നെ വിവിധ സ്ഥാനങ്ങളില് നിന്ന് റോക്കറ്റ് വിക്ഷേപണം നടത്താന് കഴിയുന്ന മൊബൈല് ലോഞ്ച് പാഡ് എന്നതാണ് ഹായങ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ജൈലോങ് – 3 റോക്കറ്റ് വിക്ഷേപണം വിജയം കണ്ടതോടെ വിവിധ രീതികളിലുള്ള വിക്ഷേപണ സാങ്കേതിക വിദ്യകള് സ്വായത്തമാക്കിയിരിക്കുകയാണ് ചൈന. ആഗോള ബഹിരാകാശ രംഗവുമായി മത്സരിക്കാന് ഇത് ചൈനയെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ.
Story Highlights: China successfully launches 8 satellites from a ship-based platform, showcasing its advanced space technology capabilities.