എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നാലാം ചരമവാർഷികം: തെന്നിന്ത്യൻ സംഗീത ചക്രവർത്തിയുടെ അനശ്വര ഓർമകൾ

Anjana

SP Balasubrahmanyam death anniversary

തെന്നിന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് ഇന്ന് നാലു വർഷം തികയുകയാണ്. ആലാപനത്തിന്റെ വശ്യത കൊണ്ട് തലമുറകളെ ത്രസിപ്പിച്ച ശബ്ദമാന്ത്രികന്റെ ഓർമകൾ അയവിറക്കുകയാണ് സംഗീതലോകം. അരനൂറ്റാണ്ട് കാലം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ പാട്ടിന്റെ പാലാഴി തീർത്ത ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ഗായകനായിരുന്നെങ്കിലും, താളത്തിനൊപ്പം ഇണത്തെ മനസിൽ ആവാഹിച്ച് അദ്ദേഹം പാടി തുടങ്ങിയപ്പോൾ ലോകത്തിന് മുന്നിൽ എസ് പി ബി ഒരു അത്ഭുതമായി മാറി.

ഒരു ദിവസം 17 പാട്ടുകൾ റെക്കോർഡ് ചെയ്ത, 6 ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ, ഏറ്റവും കൂടുതൽ പാട്ട് പാടിയതിന്റെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള ഗായകനായിരുന്നു എസ് പി ബി. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന ആ മാന്ത്രികനിൽ നിന്നും സംഗീതലോകത്തിന് ലഭിച്ചത് 11 ഭാഷകളിലായി 39,000 പാട്ടുകളാണ്. 1969-ൽ എം.ജി.ആറിന്റെ പ്രത്യേക താൽപര്യം കൊണ്ട് ‘അടിമൈ പെണ്ണിനു’ എന്ന സിനിമയിലെ ‘ആയിരം നിലവേ വാ’ എന്ന പാട്ടിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച എസ്. പി. ബി. പിന്നീട് തമിഴകത്തിന്റെ ‘പാടും നിലാ’യായി മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടനെ മനസ്സിൽ കണ്ട്, സന്ദർഭങ്ങളെ ഉൾക്കൊണ്ട്, കവിതയെ അറിഞ്ഞ്, ഈണത്തിലെ ശ്രുതിക്കും താളത്തിനും മറ്റു കൃത്യതകൾക്കും കോട്ടം തട്ടാതെ ഭാവനാപരമായി പാട്ടിനെ ആവിഷ്കരിക്കുന്ന വിധം സംഗീതലോകത്തിന് പരിചയപ്പെടുത്തിയ ഗായകനായിരുന്നു എസ് പി ബി. ‘കൊച്ചു കൊച്ചു കാര്യങ്ങൾ ആസ്വദിക്കുക’ എന്ന ജീവിതതത്വത്തിൽ ഊന്നിയുള്ള ജീവിതം നയിച്ച അദ്ദേഹം, പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂർത്തങ്ങളിലും, സ്റ്റുഡിയോയിൽ ഡബ്ബിങ് ആർട്ടിസ്റ്റായി നിൽക്കുമ്പോഴും ആ തത്വത്തെ മുറുകെ പിടിച്ചു. ജീവിതത്തിന്റെ ഓരോ മുഹൂർത്തങ്ങളെയും ആസ്വദിച്ച ഈ മഹാഗായകന്, അതിർത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാധ്യമാണെന്ന് തെളിയിച്ച കലാകാരന്, സാമീപ്യമില്ലായ്മയുടെ നാലാം വാർഷികത്തിൽ ഓർമ്മയിലെ പാട്ടുകൾ കൊണ്ട് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.

Story Highlights: Remembering legendary singer SP Balasubrahmanyam on his 4th death anniversary, celebrating his unparalleled contribution to Indian music.

Leave a Comment