പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ഓഫീസ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് മഹാരാഷ്ട്ര തൊഴിൽ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. 2007 മുതൽ പ്രവർത്തിക്കുന്ന കമ്പനിക്ക് മഹാരാഷ്ട്ര ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷൻ ഇല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ഓൺലൈനായി അപേക്ഷിച്ചിരുന്നതായി വൃത്തങ്ങൾ പറയുന്നു.
ജീവനക്കാരുടെ അവകാശങ്ങൾ, ജോലി സമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന നിയമമാണ് മഹാരാഷ്ട്ര ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റ്. നിയമപരമായി പ്രവർത്തിക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. ഈ കണ്ടെത്തൽ E&Y കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് പുതിയ മാനം നൽകുന്നു.
അമിത ജോലി ഭാരം മൂലം കുഴഞ്ഞുവീണ് മരിച്ച അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാന് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് കമ്പനിക്കെതിരെ മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തിൽ നിന്ന് പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദം തുടങ്ങിയ ആരോപണങ്ങളുമായി മുൻ സഹപ്രവർത്തകർ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പൂനെ ഓഫീസിന്റെ അനധികൃത പ്രവർത്തനം പുറത്തുവന്നിരിക്കുന്നത്.
Story Highlights: EY India’s Pune office found operating without proper labour welfare permit, raising concerns after employee death