അന്തരിച്ച മുതിര്ന്ന സിപിഐഎം നേതാവ് എം എം ലോറന്സിന്റെ മൃതദേഹം സംബന്ധിച്ച് നാടകീയ സംഭവവികാസങ്ങള് അരങ്ങേറി. മൃതദേഹം മെഡിക്കല് കോളജിന് വിട്ടുനല്കരുതെന്നും പള്ളിയില് അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മകള് ആശ സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തീര്പ്പാക്കി. മൃതദേഹം നിലവില് മെഡിക്കല് കോളജിലേക്ക് മാറ്റേണ്ടെന്നും തത്ക്കാലം മോര്ച്ചറിയില് സൂക്ഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. ആശയുടെ പരാതി പരിശോധിക്കാന് മെഡിക്കല് കോളജിനും കോടതി നിര്ദേശം നല്കി.
മൃതദേഹം നാലുമണിയോടെ കളമശേരി മെഡിക്കല് കോളജിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല് ഇതുമായി ബന്ധപ്പെട്ട തര്ക്കങ്ങള് തുടരുകയാണ്. ആശ മൃതദേഹത്തെ കെട്ടിപ്പിടിച്ച് അരികില് നില്ക്കുകയും നേതാക്കളോട് കയര്ക്കുകയും ചെയ്തതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ എം എം ലോറന്സിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്കി.
മൃതദേഹം മെഡിക്കല് കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള് തന്റെ പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. എന്നാല് പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന് സജീവ് പറയുന്നു. ഇടവകയിലെ അംഗത്വം എം എം ലോറന്സ് കളഞ്ഞിരുന്നില്ലെന്നും ലോറന്സിനേക്കാള് വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്മങ്ങള് ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും മകള് വാദിക്കുന്നു.
Story Highlights: High Court orders MM Lawrence’s body to remain in mortuary, not to be handed over to medical college