കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി നാളെ മുതൽ വിപുലമായ തിരച്ചിൽ ആരംഭിക്കും. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ തിരച്ചിലിന്റെ ഭാഗമാകാൻ നാളെ ഷിരൂരിലെത്തും. ഡ്രഡ്ജിംഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്നും അറിയിച്ചു. ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ വ്യക്തമാക്കി.
റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ അറിയിച്ചു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്. ലോറിക്ക് മുകളിലുള്ള മണ്ണ് മാറ്റുന്ന ദൗത്യം ശ്രമകരമാമെന്നാണ് വിലയിരുത്തൽ. നാവികസേന അടയാളപ്പെടുത്തിയ ഗംഗവലിപ്പുഴയിലെ കോൺടാക്ട് പോയിന്റ് ത്രീ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ.
ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർമാർ നടത്തിയ തിരച്ചിലിൽ ലോറിയുടെ എഞ്ചിൻ ബോക്സ് കണ്ടെത്തിയെങ്കിലും അത് അർജുന്റെ ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് കണ്ടെത്തിയ സ്കൂട്ടർ ഷിരൂരിൽ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതാണെന്ന് ഉറപ്പിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് അടിത്തട്ടിലെ മണ്ണ് കൂടുതൽ നീക്കം ചെയ്താലോ തിരച്ചിലിൽ പ്രതീക്ഷയുണ്ടാകൂ എന്നാണ് വിലയിരുത്തൽ.
Story Highlights: Extensive search operation to begin in Shirur for missing persons including Arjun, with Retired Major General M Indrabalan joining the efforts.