പൂനെയിലെ EY കമ്പനിയിൽ അമിത ജോലിഭാരം മൂലം മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി രംഗത്തെത്തി. വീഡിയോ കോളിലൂടെ കുടുംബവുമായി സംസാരിച്ച രാഹുൽഗാന്ധി, ജോലി സമ്മർദ്ദം മൂലമുള്ള മരണമെന്ന കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
കൊച്ചി കങ്ങാരപ്പടി സ്വദേശിനിയായ അന്ന, പൂനെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ജൂലായ് 20ന് താമസസ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകിയ കമ്മിഷൻ, സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി.
അമിത ജോലിഭാരം തന്റെ മകളുടെ ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ EY ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും വ്യക്തമായി. ഈ സംഭവം വലിയ ചർച്ചയായതോടെയാണ് രാഹുൽഗാന്ധിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടത്.
Story Highlights: Rahul Gandhi assures family of Anna Sebastian, who died due to work pressure at EY Pune, that their complaint will be raised in Parliament