അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ഈശ്വർ മൽപെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ പുറത്തെടുത്തു. ഇരുമ്പ് വടം ഉപയോഗിച്ചാണ് ലോറിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്. ലോറിയുടെ ആക്സിലും രണ്ട് ടയറുകളും ഉയർത്തിയെടുത്തു. എന്നാൽ, ഇത് അർജുന്റെ ലോറിയുടേതല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.
പുറത്തെടുത്ത ഭാഗം ടാങ്കറിന്റേതാണെന്നും ലോറിയുടേതല്ലെന്നുമാണ് കണക്കാക്കുന്നത്. നേരത്തെ ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അർജുന്റെ ലോറിയുടെ താഴെ ഭാഗത്തിന്റെ നിറം കറുപ്പാണെന്നും, എന്നാൽ കണ്ടെത്തിയ ഭാഗം ഓറഞ്ച് നിറമാണെന്നും മനാഫ് വ്യക്തമാക്കി. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. എന്നാൽ ഇതുവരെ ക്യാബിൻ ഉയർത്തിയിട്ടില്ല.
60 ടൺ ഭാരം വരെ ഡ്രഡ്ജറിന്റെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. നാലു വടങ്ങൾ ക്യാബിനിൽ കെട്ടിയാൽ മാത്രമേ ഉയർത്താൻ കഴിയൂ. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഇന്ന് ഒരു ഉത്തരമുണ്ടാകുമെന്നും ലോറിയുടെ കാബിൻ ഇന്ന് തന്നെ ഉയർത്താനുള്ള ശ്രമം നടത്തുമെന്നും എംഎൽഎ സതീഷ് സെയ്‌ൽ വ്യക്തമാക്കി.
Story Highlights: Rescue efforts for Arjun intensify as parts of a lorry are recovered from Gangavali river