കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മലയാള സിനിമാ ലോകം ദുഃഖിതരാണ്. ശനിയാഴ്ച രാവിലെ എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോയ മൃതദേഹം 9 മണിയോടെ എത്തിച്ചു. പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. കവിയൂർ പൊന്നമ്മ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുടെ സംവിധായകരായ ജോഷി, ബാലചന്ദ്ര മേനോൻ, സത്യൻ അന്തിക്കാട്, കമൽ, ബി. ഉണ്ണിക്കൃഷ്ണൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ടൗൺ ഹാളിൽ എത്തി.
മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടു പോയി. വൈകീട്ട് 4 ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക. വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി കാണാൻ നൂറുകണക്കിനു ചലച്ചിത്ര പ്രേമികളും എത്തിയിരുന്നു.
Story Highlights: Thousands pay last respects to beloved Malayalam actress Kaviyoor Ponnamma in Kalamassery