കല്പ്പറ്റയിലെ വാടക വീട്ടിലാണ് ശ്രുതി ഇപ്പോള് താമസിക്കുന്നത്. ആശുപത്രിയിലേക്കും മറ്റും പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ താമസമാക്കിയത്. അല്ലെങ്കില് ജെന്സന്റെ വീട്ടിലേക്ക് പോകുമായിരുന്നെന്ന് ശ്രുതി വ്യക്തമാക്കി. ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് താന് ആഗ്രഹിക്കുന്നതെന്നും എല്ലാവരും പിന്തുണ വേണമെന്നും ശ്രുതി പറഞ്ഞു.
ജെന്സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ശ്രുതി വ്യക്തമാക്കി. ആശുപത്രിയില് നിന്ന് വന്നപ്പോള് ജെന്സന്റെ വീട്ടുകാര് ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള വാര്ത്ത വന്നിരുന്നു. എന്നാല് ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ശ്രുതി ട്വന്റി ഫോറിനോട് പറഞ്ഞു.
ടി സിദ്ദിക് എംഎല്എയുടെ പിന്തുണയെ കുറിച്ചും ശ്രുതി സംസാരിച്ചു. ചെയ്യേണ്ട കാര്യങ്ങള് ഒക്കെ അദ്ദേഹം ചെയ്തു തരുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു. അമ്മയുടെ മൃതശരീരം കുഴിമാടത്തില് നിന്ന് പുറത്തെടുത്ത് ആചാരപ്രകാരം സംസ്കരിക്കണമെന്നേ പറഞ്ഞിരുന്നുള്ളുവെന്നും അത് തനിക്ക് അദ്ദേഹം സാധിച്ചു തന്നുവെന്നും ശ്രുതി കൂട്ടിച്ചേര്ത്തു. ഉരുള്പൊട്ടല് ദുരന്തത്തില് കുടുംബത്തെയും അപകടത്തില് പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയുടെ ജീവിതം വെല്ലുവിളികള് നിറഞ്ഞതാണെങ്കിലും, എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോകാനാണ് അവര് ആഗ്രഹിക്കുന്നത്.
Story Highlights: Mundakkai landslide survivor Shruthi speaks about support from family and MLA T Siddique