ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് വൈകിട്ട് 4:30ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിനെ തുടർന്ന് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. രാജ് നിവാസിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം പ്രാബല്യത്തിൽ വരിക.
അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിലവിൽ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ മന്ത്രിമാരായി തുടരും. സുൽത്താൻപൂരിൽ നിന്നുള്ള എംഎൽഎ മജ്റ മുകേഷ് അഹ്ലാവത് മന്ത്രിസഭയിൽ പുതുമുഖമായി എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവച്ച് ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ച രാജ്കുമാർ ആനന്ദ് പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. രാജ്കുമാർ ആനന്ദ് രാജിവച്ച ഒഴിവിലേക്കാണ് വ്യാപാരിയായ മുകേഷ് കുമാർ അഹ്ലാവത്ത് എത്തുന്നത്.
അതിഷി ഉൾപ്പെടെ ആറംഗ മന്ത്രിസഭയാണ് രൂപീകരിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. നിലവിൽ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ചില വകുപ്പുകൾ മന്ത്രിമാർക്ക് വീതിച്ചു നൽകുമെന്നും സൂചനയുണ്ട്.
Story Highlights: AAP leader Atishi to be sworn in as Delhi Chief Minister today, replacing Arvind Kejriwal