കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർ സമരം അവസാനിപ്പിച്ചു. സെപ്റ്റംബർ 21 മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് അവർ അറിയിച്ചു. എന്നാൽ, സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത് സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനം.
ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങൾ സർക്കാർ രേഖാമൂലം അംഗീകരിച്ചിട്ടില്ല. വാക്കാൽ മാത്രമാണ് ഉറപ്പ് നൽകിയിരിക്കുന്നത്. താത്കാലികമായി ജോലിയിൽ തിരികെ പ്രവേശിക്കാൻ തീരുമാനിച്ചെങ്കിലും, സർക്കാരിന്റെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ചർച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കിയിരുന്നു. കഴിഞ്ഞമാസം 9-ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ വലിയ പ്രതിഷേധം ഉയർന്നത്. നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സിബിഐ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.
Story Highlights: West Bengal Junior Doctors end strike, to resume essential services from September 21