ലബനനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങൾ ഹിസ്ബുള്ള എന്ന ഭീകരസംഘടനയെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇസ്രയേൽ സംഘടനയുടെ അടിവേര് തന്നെ മാന്തിപ്പറിച്ചതായി പറയാം. പുറംലോകവുമായി ആശയവിനിമയം നടത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഹിസ്ബുള്ള ഭീകരർ. ആയുധങ്ങളും പണവും പരിശീലനവും നൽകുന്ന ഇറാനുമായി ബന്ധം സ്ഥാപിക്കാൻ പോലും ഹിസ്ബുള്ള നേതൃത്വത്തിന് കഴിയുന്നില്ല.
ആക്രമണത്തിൽ ഹിസ്ബുള്ള നേതൃനിരയിലെ നിരവധി പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ലബനനിലെ ഹിസ്ബുള്ള നേതൃത്വം അപ്പാടെ ചിതറിത്തെറിച്ച അവസ്ഥയിലാണ്. അതേസമയം, ഇറാന് ഈ ആക്രമണത്തെ ശക്തമായി അപലപിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മായിൽ ഹനിയ ടെഹ്റാനിലെ സുരക്ഷിത സൈനിക ഗസ്റ്റ്ഹൗസിൽ കൊല്ലപ്പെട്ടതിന്റെ നാണക്കേടിൽ നിന്ന് ഇറാന് ഇനിയും മോചിതരാകാനായിട്ടില്ല.
ഇസ്രയേൽ സൈനിക നേതൃത്വം ഹിസ്ബുള്ളയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി യവ് ഗാലന്റും സൈനിക മേധാവികളോട് വടക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ എത്തിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. യുദ്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ലബനനിൽ ഉണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് പ്രത്യേക പരാമർശം നടത്താതെ, ഇസ്രയേൽ സൈന്യത്തേയും രഹസ്യാന്വേഷണ ഏജൻസികളേയും അഭിനന്ദിച്ചത് ലബനനിലെ ഓപ്പറേഷൻ വിജയിച്ചതിന്റെ സൂചനയായി കരുതപ്പെടുന്നു.
Story Highlights: Hezbollah faces unprecedented crisis after Israeli attacks in Lebanon, with leadership in disarray and communication cut off from Iran