പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും യോഗത്തിൽ ചർച്ചയായി. റവന്യു മന്ത്രി കെ രാജൻ മെമ്മോറാണ്ടത്തിലെ വിവരങ്ങൾ വിശദീകരിച്ചു.
ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളാണ് മാറ്റുക. 21 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും 16 നിലവിലുള്ള തസ്തികകൾ പരിവർത്തനം ചെയ്യുകയും ചെയ്യും.
1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനായി ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താനും തീരുമാനിച്ചു. 2023-24 അടിസ്ഥാന വർഷമായി കണക്കാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ശിപാർശ അംഗീകരിച്ചു. സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും.
Story Highlights: 15th Kerala Assembly’s 12th session to begin on October 4, Cabinet decides on various appointments and projects