ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വീണ്ടും ഒരു മലയാളി എത്തിയിരിക്കുന്നു. ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സുമോദ് ദാമോദറിനെ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പിഎന്ജിയുടെ റിച്ചാര്ഡ് ഡണിനേയും ജെര്മനിയുടെ വിഗ്നേഷ് ശങ്കരനേയും പരാജയപ്പെടുത്തിയാണ് ദാമോദര് കമ്മിറ്റിയിലെത്തിയത്. സെപ്തംബര്‍ 12 ന് തുടങ്ങിയ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. സുമോദ് 20 വോട്ടുകളും റിച്ചാര്ഡ് 19 വോട്ടുകളും കരസ്ഥമാക്കിയപ്പോള് വിഗ്നേഷ് ശങ്കരന് 2 വോട്ടുകള് മാത്രമാണ് നേടാന് സാധിച്ചത്.
സുമോദ് ദാമോദറിന്റെ ക്രിക്കറ്റ് കരിയര് 1993-ല് സാംബിയയില് നടന്ന സോണ് 6 ടൂര്ണമെന്റില് ബോട്ട്്സ്വാന നാഷണല് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ആരംഭിച്ചു. പിന്നീട് സോണ് 6 കമ്മിറ്റിയുടെ ജനറല് സെക്രട്ടറിയായും 1997-ല് ദേശിയ ടീമിനെ പ്രതിനിധീകരിച്ചും പ്രവര്ത്തിച്ചു. 1998-ല് കളിക്കളത്തില് നിന്ന് വിട്ടുനിന്ന് ഭരണതലത്തിലേക്ക് ചുവടുമാറ്റി. അതേ വര്ഷം മുതല് ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ഓഫ് ഫിക്സ്ചേഴ്സ് ആന്റ് പബ്ലിസിറ്റിയായി പ്രവര്ത്തിച്ചു.
2003-ല് ആഫ്രിക്കന് ക്രിക്കറ്റ് അസോസിയേഷന്റെ ഫിനാന്സ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട സുമോദിന് അതേ വര്ഷം ബാര്ലോവേള്ഡ്-ബിഎന്എസ്സി സ്പോര്ട്ട് അവാര്ഡിന്റെ ‘നോണ് സിറ്റിസണ് സ്പോര്ട്സ് അവാര്ഡും’ ലഭിച്ചു. ചങ്ങനാശ്ശേരി സ്വദേശിയും മന്നത്ത് പത്മനാഭന്റെ ചെറുമകളുമായ ലക്ഷ്മി മോഹന് സുമോദ് ആണ് ഭാര്യ. സിദ്ധാര്ഥ് ദാമോദര്, ചന്ദ്രശേഖര് ദാമോദര് എന്നിവരാണ് മക്കള്. മുന്പ് മൂന്നുതവണയാണ് സുമോദ് ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Story Highlights: Sumod Damodar, a Malayali, elected to Cricket’s influential Chief Executives’ Committee, defeating candidates from PNG and Germany.