മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ പലർക്കും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വ്യക്തമായി. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് (എസ്ഐടി) ഇക്കാര്യം അവർ അറിയിച്ചത്. എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയ ഭൂരിഭാഗം പേരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓൺലൈനായുമാണ് മൊഴിയെടുക്കുന്നത്. ഹേമ കമ്മറ്റിക്ക് മുന്നിൽ നൽകിയ മൊഴിയിൽ മിക്കവരും ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും തുടർ നിയമനടപടികളിലേക്ക് കടക്കാനില്ലെന്നാണ് പലരും വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.
ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ നേരിട്ട് ഇടപെടാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം റിപ്പോർട്ട് പരിശോധിച്ച് 50 പേരുടെയും മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ തുടർ വിമർശനങ്ങൾ ഒഴിവാക്കാനും വേണ്ടിയായിരുന്നു ഈ നീക്കം. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Story Highlights: Hema Committee report reveals many victims reluctant to pursue legal action in Malayalam film industry sexual harassment cases