തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ ഇന്ന് രാവിലെ ഒരു ഗുരുതരമായ അപകടം സംഭവിച്ചു. പറമ്പിടിഞ്ഞ് മണ്ണ് തൊഴിലാളിയുടെ മേൽ വീണ് ആലത്തൂർ സ്വദേശി ഷൈലൻ മണ്ണിനടിയിൽ കുടുങ്ങി. മണ്ണു മാറ്റുന്ന പ്രവർത്തിയിലേർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ജോലിക്കായി പ്രദേശത്ത് എത്തിച്ചിരുന്ന ഹിറ്റാച്ചി കൊണ്ട് പ്രവൃത്തി പുരോഗമിക്കുന്നതിനിടയിൽ മണ്ണ് മാറ്റിയ കുഴിയിൽ ഷൈലൻ അകപ്പെടുകയായിരുന്നു.
ഹിറ്റാച്ചി ഡ്രൈവർ അപകടം കണ്ട് ആളുകളെ വിളിച്ചു കൂട്ടുകയും പിന്നീട് രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലൻ്റെ കാലിൻ്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട പ്രയത്നത്തിനൊടുവിൽ അരയോളം മണ്ണിൽ പുതഞ്ഞ ഷൈലനെ രക്ഷപ്പെടുത്തി.
അപകടത്തിൽ ഷൈലന്റെ വാരിയെല്ലിന് പൊട്ടലും കൈകാലുകളിൽ മുറിവുകളും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടുമുണ്ടായി. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷൈലനെ രക്ഷിക്കാനായത്.
Story Highlights: Laborer trapped in landslide rescued after 45-minute operation in Thiruvananthapuram