ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. ഇന്ത്യയിലെയും മ്യാന്മറിലെയും ഗാസയിലെയും മുസ്ലിങ്ങൾ അനുഭവിക്കുന്ന വേദനകൾ നിരാകരിച്ചാൽ നമുക്ക് സ്വയം മുസ്ലിങ്ങളാണെന്ന് കരുതാൻ കഴിയില്ലെന്ന അയത്തൊള്ളയുടെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതും അസ്വീകാര്യവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. നബിദിനത്തിൽ ഇറാനിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അയത്തൊള്ള അലി ഖമേനിയുടെ പരാമർശം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിൽ വിമർശനം ഉന്നയിക്കുന്ന മറ്റ് രാഷ്ട്രങ്ങൾ ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരിശോധിച്ച ശേഷം വേണം പ്രതികരിക്കാനെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. മഹ്സ അമിനിയുടെ രണ്ടാം ചരമ വാർഷികത്തിൽ ഇറാനിൽ ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങിയ ദിവസമാണ് അയത്തൊള്ള അലി ഖമേനി ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന 22കാരി 2022 സെപ്തംബർ 16 നാണ് മരിച്ചത്.
ശക്തമായ ഉഭയകക്ഷി ബന്ധം വച്ചുപുലർത്തുന്ന ഇന്ത്യയുമായി ഇറാൻ്റെ പരമോന്നത നേതാവ് ഇത്തരമൊരു നിലപാട് പൊടുന്നനെ സ്വീകരിച്ചത് എന്താണെന്ന് ചോദ്യം ഉയരുന്നുണ്ട്. സമീപ കാലത്തൊന്നും ഇന്ത്യയും ഇറാനും ഭിന്നാഭിപ്രായങ്ങളിലേക്ക് പോയിട്ടില്ല. ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറടക്കം ഒപ്പിട്ടത് ഈയടുത്തായതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ശക്തമായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇറാൻ സന്ദർശിച്ചിരുന്നു. പിന്നീട് ജൂലൈ മാസത്തിൽ ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും നേരിട്ട് പങ്കെടുത്തിരുന്നു.
Story Highlights: India strongly criticizes Iran’s Supreme Leader’s comments on ‘suffering of Muslims’ in India, Myanmar, and Gaza